ഫിൽക്ക ഫിലിം സൊസൈറ്റി, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ബംഗാളി ഫിലിം ഫെസ്റ്റിവൽ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയെ തലസ്ഥാന നഗരിയിലെ സാംസ്‌കാരിക കേന്ദ്രമാക്കാനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി പ്രതിമാസ മേളകൾ സംഘടിപ്പിക്കുന്നത്. സിൽവർ ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ഫിൽക്ക ഫിലിം സൊസൈറ്റി പ്രത്യേക പ്രമേയങ്ങൾ അടിസ്ഥാനമാക്കി സിനിമകൾ അവതരിപ്പിക്കുന്നു. കൂടാതെ ചലച്ചിത്ര ആസ്വാദനത്തിന് ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിക്കുന്നു. ഇത് www.filca. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ പുതിയ ചലച്ചിത്ര നിരൂപകരുടെ രചനകൾ ഉൾപ്പെടുത്തും. ചലച്ചിത്ര മേളയിൽ പ്രവേശനം സൗജന്യമായിരിക്കും. റിസർവേഷൻ സീറ്റുകൾ ഫിൽക്ക വഴി മുൻകൂർ രജിസ്റ്റർ ചെയ്യാം. വിവിധ കലാ സാംസ്‌കാരിക സംഘടനകൾക്കും പങ്കുചേരാം. ഉദ്ഘാടന ചടങ്ങിൽ സാബു ശങ്കർ, ഡോ. ബി. രാധാകൃഷ്ണൻ, സ്റ്റേറ്റ് ലൈബ്രേറിയൻ പി. കെ. ശോഭന, സൂര്യ കൃഷ്ണമൂർത്തി, ഡോ. ശ്രീകുമാർ ചതോപാധ്യായ, സുരേഷ് കുമാർ. സി, ഗിരിജ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സത്യജിത് റായിയുടെ നായക്, മൃണാൾ സെന്നിന്റെ അന്തരീൻ, ഋത്വിക് ഘട്ടകിന്റെ അജാന്ത്രിക്, ഗൗതം ഘോഷിന്റെ അന്തർജലി യാത്ര എന്നീ സിനിമകൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി മലയാളം വിഭാഗം ഹാളിൽ പ്രദർശിപ്പിച്ചു.